കോഴിക്കോട് : വിജിൽ തിരോധാനക്കേസിൽ അയാളുടേതെന്ന് കരുതുന്ന ഷൂ സരോവരത്തെ ചതുപ്പിലെ തെരച്ചിലിൽ കണ്ടെത്തി. ഷൂ വിജിലിന്റേതാണെന്ന് പ്രതികൾ തിരിച്ചറിഞ്ഞെന്ന് പോലീസ് അറിയിച്ചു. മൃതദേഹാ അവശിഷ്ടങ്ങൾക്കായുള്ള തെരച്ചിൽ നാളെയും തുടരും. ലഹരി ഉപയോഗിക്കുന്നതിടെ മരിച്ച വിജിലിന്റെ മൃതദേഹം സരോവരം ബയോപാർക്കിലിലെ ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയെന്നായിരുന്നു സുഹൃത്തുക്കളായ നിഖിൽ, ദീപേഷ് എന്നിവരുടെ മൊഴി.
6 വർഷം മുമ്പ് കാണാതായ കോഴിക്കോട് ചുങ്കം സ്വദേശി കെടി വിജിലിന്റെ ശരീരാവശിഷ്ടത്തിന് വേണ്ടിയുള്ള 5 ദിവസത്തെ തെരച്ചിലിലാണ് ഇയാളുടേതെന്ന് കരുതുന്ന ഷൂ കണ്ടെത്തിയത്. ഇടത്തേ കാലിൽ ധരിക്കുന്ന ഷൂ ആണ് ആറു മീറ്ററോളം താഴ്ചയിൽ നിന്നും ലഭിച്ചത്. ഇത് വിജിലിന്റെ ഷൂ ആണെന്നാണ് പ്രതികളായ നിഖിൽ, ദീപേഷ് എന്നിവരുടെ മൊഴി. പൊലീസ് കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്ന ഈ രണ്ടു പേരുടെയും സാന്നിധ്യത്തിലാണ് തെരച്ചിൽ നടക്കുന്നത്. ഇപ്പോൾ ലഭിച്ചിരിക്കുന്ന ഷൂ ശാസ്ത്രീയ പരിശോധനകൾക്കായി അയച്ചു.
വിജിലിനെ ചവിട്ടിത്താഴ്ത്തി എന്ന് പ്രതികൾ കുറ്റസമ്മതമൊഴിയിൽ പറഞ്ഞ സ്ഥലത്തിന് സമീപത്താണ് ഷൂ കണ്ടെത്തിയത്. എന്നാൽ മൃതദേഹത്തിന്റെ മറ്റ് അവശിഷ്ടങ്ങളൊന്നും കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
മണ്ണുമാന്തി യന്ത്രങ്ങളും മറ്റും എത്തിച്ചായിരുന്നു ഇന്നത്തെ തെരച്ചിൽ. പരിശോധനക്കായി ലാൻഡ് പെനറ്ററേറ്റിംഗ് റഡാറും മൃതദേഹം കണ്ട് പിടിക്കാൻ പരിശീലനം ലഭിച്ച കഡാവർ നായകളേയും ഉപയോഗിക്കുന്നുണ്ട്. 2019 മാർച്ച് 24നാണ് വിജിലിനെ കാണാതായത്. അമിത ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ച വിജിലിന്റെ മൃതദേഹം സരോവരത്തെ ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയെന്നായിരുന്നു പ്രതികളുടെ കുറ്റസമ്മതമൊഴി.
വിജിലിന്റെ സുഹൃത്തുക്കളായ നിഖിലും ദീപേഷും രഞ്ജിത്തും ആണ് കേസിലെ പ്രതികൾ. രണ്ടാം പ്രതിയായ രഞ്ജിത്തിനെ ഇതുവരേയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. നിഖിലിന്റെയും ദീപേഷിന്റേയും കസ്റ്റഡി കാലാവധി മറ്റന്നാൾ അവസാനിക്കും. വിജിലിന്റെ ബൈക്ക് നേരത്തെ കല്ലായി റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും കണ്ടെത്തിയിരുന്നു.

Post a Comment