തിരുവനന്തപുരം : നഗര കവാട ജംക്‌ഷനുകളിലെ കുരുക്കിന് പരിഹാരമായി ട്രാഫിക് പൊലീസ് ഏർപ്പെടുത്തിയ ഗതാഗത പരിഷ്കാരം നിലവിൽ വന്നു. അനധികൃത പാർക്കിങ് തടയുന്നതിലൂടെ ഗതാഗത കുരുക്കിന് പരിഹാരമുണ്ടാക്കാം എന്ന കണക്കുകൂട്ടലിൽ 38 റോഡുകളിൽ പാർക്കിങ്ങും അല്ലാത്ത സ്ഥലങ്ങളിൽ പാർക്കിങ് നിരോധനവും ആണ് പൊലീസ് എർപ്പെടുത്തിയത്. പുതിയ സംവിധാനത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ പൊതു ജനങ്ങൾക്കും അവസരമൊരുക്കിയിട്ടുണ്ട്. citytraffictvm@gmail.com എന്ന ഇ മെയിലിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഇതു കൂടി പരിഗണിച്ച ശേഷമാകും അന്തിമ തീരുമാനമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
നഗരത്തിലേക്ക് പ്രവേശിക്കുന്ന ജംക‍്ഷനുകളിലെ കുരുക്ക് കാരണമുള്ള ജനങ്ങളുടെ ബുദ്ധിമുട്ട് ‘മലയാള മനോരമ’ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ കൂടിയ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം, 38 റോഡുകളിൽ പണം നൽകി പാർക്ക് ചെയ്യാവുന്ന സംവിധാനം ഏർപ്പെടുത്താനും അല്ലാത്ത സ്ഥലങ്ങളിൽ പാർക്കു ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കാനും തീരുമാനിച്ചു. ഓണ സമയത്ത് പരിഷ്കാരം നടപ്പാക്കുന്നതു സംബന്ധിച്ച് വിഭിന്ന അഭിപ്രായമുണ്ടായിരുന്നു. എന്നാൽ ഏറ്റവും തിരക്കേറിയ സമയത്ത്
പരിഷ്കാരം നടപ്പാക്കിയാൽ നഗരത്തിലെ കുരുക്ക് സംബന്ധിച്ച് യഥാർഥ ചിത്രം ലഭിക്കുമെന്ന ട്രാഫിക് പൊലീസിന്റെ അഭിപ്രായം പരിഗണിച്ചാണ് ഇന്നലെ മുതൽ പരിഷ്കാരം നടപ്പാക്കിത്തുടങ്ങിയത്.പൊതുജനങ്ങൾ ചൂണ്ടിക്കാട്ടുന്ന അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് പാർക്കിങ്ങും നോ പാർക്കിങ്ങും ഏർപ്പെടുത്തേണ്ട റോഡുകളുടെ പട്ടിക അന്തിമമായി പുറത്തിറക്കും ഇതിനു ശേഷമാകും നിയമ ലംഘനത്തിന് പിഴ ഈടാക്കി തുടങ്ങുകയെന്ന് പൊലീസ് അറിയിച്ചു.
Post a Comment