കോട്ടയം: എറണാകുളത്ത് നിന്ന് വൈകുന്നേരം കോട്ടയത്തേയ്ക്കുള്ള യാത്ര അനുദിനം കൂടുതൽ ദുരിതമായിക്കൊണ്ടിരിക്കുകയാണ്. വേണാട്, മെമു ട്രെയിനുകളിൽ കടന്നുകൂടാൻ പാടുപെടുകയാണ് സ്ത്രീകളും വിദ്യാർത്ഥികളും അടങ്ങുന്ന ദൈനംദിന യാത്രക്കാർ. വേണാടിന് മുമ്പ് കോട്ടയം ഭാഗത്തേയ്ക്ക് ഒരു ട്രെയിൻ വേണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. തൃപ്പൂണിത്തുറയിൽ നിന്ന് മിക്ക ട്രെയിനുകളും ഇപ്പോൾ പുറപ്പെടുന്നത് ചവിട്ടുപടിയിൽ വരെ യാത്രക്കാരെക്കൊണ്ട് തിങ്ങിനിറഞ്ഞാണ്. ഏറ്റവും അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്.
എന്നാൽ വൈകുന്നേരം 03.50 ന് എറണാകുളം ടൗണിൽ എത്തിച്ചേരുന്ന 56317 ഗുരുവായൂർ എറണാകുളം പാസഞ്ചർ കോട്ടയത്തേക്ക് ദീർഘിപ്പിച്ചാൽ വൈകുന്നേരത്തെ തിരക്കിന് നല്ല രീതിയിൽ പരിഹാരമാകുന്നതാണ്. ആയിരക്കണക്കിന് പ്രതിദിന യാത്രക്കാരാണ് കോട്ടയം ജില്ലയിൽ നിന്ന് എറണാകുളത്തെ വിവിധ ഓഫീസുകളിൽ ജോലി ആവശ്യങ്ങൾക്കായി എത്തിച്ചേരുന്നത് . എന്നാൽ വൈകുന്നേരം ആവശ്യത്തിന് ട്രെയിനുകൾ ഇല്ലെന്നത് യാത്രക്കാർ നേരിടുന്ന വലിയ ഒരു പ്രതിസന്ധിയാണ്
കോട്ടയം വരെ ഒരു ട്രെയിൻ ലഭിച്ചാൽ അത്രയും തിരക്ക് കുറയുമെന്ന ആശ്വാസമാണ് വേണാടിലെ ദീർഘദൂര യാത്രക്കാർക്കും പങ്കുവെയ്ക്കാനുള്ളത്. എറണാകുളം ജംഗ്ഷനിലെ പ്ലാറ്റ് ഫോം ദൗർലഭ്യത്തിനും പാസഞ്ചർ കോട്ടയത്തേക്ക് ദീർഘിപ്പിക്കുന്നതിലൂടെ പരിഹാരമാകും. കോട്ടയത്ത് നിന്ന് വൈകുന്നേരം 06.15 പുറപ്പെട്ടാൽ 56318 എറണാകുളം ഗുരുവായൂർ പാസഞ്ചറിന്റെ ഷെഡ്യൂൾഡ് സമയമായ 07.48 ന് തന്നെ എറണാകുളം ടൗണിൽ എത്തിച്ചേരാൻ സാധിക്കും. റേക്ക് ഷെയറിൽ ചെറിയ മാറ്റം വരുത്തിയാൽ വളരെ എളുപ്പത്തിൽ സാധ്യമാകുന്ന സർവീസിന് ജനപ്രതിനിധികളുടെ ശക്തമായ ഇടപെടൽ അനിവാര്യമാണ്. വൈകുന്നേരം 05.20 ന് ശേഷം രാത്രി 09.45 ന് മാത്രമാണ് ഏറ്റുമാനൂർ, കുറുപ്പന്തറ , വൈക്കം, പിറവം, മുളന്തുരുത്തി സ്റ്റേഷനുകളിൽ സ്റ്റോപ്പുള്ള അടുത്ത സർവീസുള്ളത്. ജില്ലയിലെ വിവിധ ഓഫീസുകളിൽ ജോലി ആവശ്യങ്ങൾക്കായി എത്തുന്നവരും ഇതുമൂലം വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്.
കോട്ടയം സ്റ്റേഷൻ വികസിപ്പിച്ചെങ്കിലും പുതുതായി ഇതുവരെ ഒരു സർവീസും പരിഗണിച്ചിട്ടില്ല. എറണാകുളത്ത് അവസാനിപ്പിക്കുന്ന ചില സർവീസുകൾ കോട്ടയത്തേക്ക് ദീർഘിപ്പിക്കുമെന്ന വാഗ്ദാനവും നടപ്പിലായിട്ടില്ല. എന്നാൽ 56317/ 18 ഗുരുവായൂർ- എറണാകുളം പാസഞ്ചർ കോട്ടയത്തേക്ക് എത്തുന്നതോടെ ജില്ലയിലെ യാത്രാക്ലേശത്തിന് വലിയ തോതിൽ ആശ്വാസമാകുമെന്നും കോട്ടയത്ത് നിന്ന് കൊല്ലത്തേയ്ക്കുള്ള 66315 മെമുവിന് കണക്ഷൻ ലഭിക്കുകയും ചെയ്യുന്നതോടെ തെക്കൻ ജില്ലയിലേയ്ക്കുള്ള യാത്രയും ഇതിലൂടെ സാധ്യമാകും... തിരുനക്കര മുതൽ തൃശൂർ, ഗുരുവായൂർ വരെ നിരവധി പ്രശ്‌സ്തമായ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന സർവീസിന് നിലവിൽ യാതൊരു സാങ്കേതിക തടസ്സങ്ങളും ഇല്ലെന്നും ഗുരുവായൂരിൽ നിന്നും റേക്ക് ഷെയർ ചെയ്യുന്നതോടെ മൈന്റനനസിന് തടസ്സമില്ലെന്നും പാസഞ്ചർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. എല്ലാ ജനപ്രതിനിധികളും ജില്ലയുടെ റെയിൽ യാത്രാക്ലേശം പരിഹരിക്കുന്നതിന് മുന്നോട്ട് വരണമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ്, ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ, അടക്കം വിവിധ പാസഞ്ചർ അസോസിയേഷനുകൾ സംയുക്തമായി ആവശ്യപ്പെട്ടു.
إرسال تعليق